• dietidukki@gmail.com
  • 0486 2226990

ഇടുക്കി ജില്ലയിലെ ആദിവാസികള്‍

ഉള്ളാടര്‍

ചരിത്ര പശ്ചാത്തലം

കേരളത്തിലെ വിവിധ ആദിവാസി സമൂഹങ്ങളില്‍ വളരെ ഉള്‍നാട്ടില്‍ വസിച്ചിരുന്ന ഇവരെ ഉള്‍നാടന്‍ എന്നുവിളിക്കുകയും ഉള്ളാടന്‍ എന്നായി മാറുകയും ചെയ്തു. മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത് സാംസ്കാരിക ഉയര്‍ച്ച മാനസികമായി നേടാത്തവര്‍ എന്നും പറയപ്പെടുന്നു. കേരളത്തില്‍ ജനിച്ചുവളര്‍ന്നവര്‍ എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. വാല്മീകിയുടെ പിന്‍മുറക്കാര്‍ എന്നും ഇവര്‍ അവകാശപ്പെടുന്നു . എന്നാല്‍ മധുര രാജ്യംഭരിച്ചിരുന്ന ചേരന്‍,ചോളന്‍,പാണ്ഡ്യന്‍ എന്നീ രാജാക്കന്‍മാരുടെ കാലഘട്ടത്തില്‍ കേരളത്തിലെ കാട്ട് പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നതിനായി കൊണ്ടുവന്നുവെന്നും പൂഞ്ഞാര്‍ മഹാരാജാവിന്‍റെ അടിമകളായി കൃഷിചെയ്തിരുന്നുവെന്നും അവകാശപ്പെടുന്നു. പിന്‍കാലത്ത് കാട്ടിലെ വാസസുഖം അനുഭവിച്ച് കേരളത്തിലെ അടിമാലി ,മുണ്ടക്കയം, ഈരാറ്റുപേട്ട, കോട്ടയം ,പഴയരിക്കണ്ടം ,പിണവൂര്‍കുടി, മുവാറ്റുപുഴ, മാറാടി, പറവൂര്‍, ആലുവ എന്നീ മേഖലകളില്‍ താമസമാരംഭിക്കുകയും ചെയ്തു.

ആചാരം

പരമ്പരാഗത ദൈവങ്ങളേയും ,പ്രകൃതി ശക്തിയേയും വിശ്വസിക്കുന്നു. അര്‍ജ്ജുനന്‍ ശ്രീ ക്യഷ്ണന്‍ എന്നീ ദൈവങ്ങളെ പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നു. കൂടാതെ ഭദ്രകാളി പുളിയാന്‍പുളി എന്നിവര്‍ക്ക് കര്‍ക്കിടക മാസം കറുത്ത വാവിന് കോഴിവെട്ട് നടത്തുന്നു. എല്ലാ വീടുകളുടെയും പറമ്പിന്‍റെ , മൂലയ്ക്ക് വിഗ്രഹങ്ങള്‍ സങ്കല്‍പ്പിച്ച് വെച്ച് പ്രാര്‍ത്ഥന നടത്തുന്നു.

വിവാഹം

പണ്ട് കാലങ്ങളില്‍ 3 വയസാകുമ്പോള്‍, ചെറുക്കന്‍ പെണ്ണിന് തുണി നല്‍കി വിവാഹം ഉറപ്പിക്കും 12 വയസില്‍ വിവാഹം നടക്കുകയും ചെയ്യും സ്ത്രീധനസമ്പ്രദായം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മറ്റുകേരള വനിതകളെപ്പോലെ തന്നെ വിവാഹം നടത്തുന്നു.

വിദ്യാഭ്യാസം

പഴയ തലമുറക്ക് വിദ്യാഭ്യാസം നല്‍കിയിരിക്കുന്നില്ല. എസ്.എസ്.എല്‍.സി മിനിമം വിദ്യാഭ്യാസം ഉള്ള ധാരാളം ജോലിക്കാര്‍ ഇന്ന് നിലവിലുണ്ട്.

മരണം

മരിച്ചാല്‍ അടക്കുകയാണ് ചെയ്യുന്നത് 15 ന് അടിയന്തിരം നടത്തുന്നു

കളികള്‍

കോല്‍ക്കളി, കമ്പുകളി, കൂത്ത്, പാട്ട് എന്നിവയാണ്

തൊഴില്‍

മരംമുറിക്കല്‍, വള്ളംകെട്ടല്‍, തേന്‍ശേഖരിക്കല്‍

ചികിത്സ

വിഷചികിത്സകള്‍ ധാരാളമുണ്ട് .ഒറ്റമൂലി പ്രയോഗം ഇവരുടെ പ്രത്യേകതയാണ്.

മന്നാന്‍ സമുദായം

ചരിത്രപരമായ പശ്ചാത്തലം

കേരളത്തിലെ മൊത്തം 35 ആദിവാസി വിഭാഗങ്ങളില്‍ രാജഭരണം നില നി ല്‍ ക്കുന്ന ഒരേയൊരു ജനവിഭാഗമാണ് മന്നാന്‍ സമുദായം. ഇടുക്കി ജില്ലയിലാണ് ഈ വിഭാഗം അധികവും താമസിക്കുന്നത്. ഏതാണ്ട് 46 കുടികളിലായി 25,000 പേര്‍ ഈ വിഭാഗത്തിലുണ്ട്. 19ാം നൂറ്റാണ്ടിലാണ് കേരളത്തില്‍ ആദ്യമായി കുടിയേറ്റം നടത്തിയത്.

മധുരരാജ്യം ഭരിച്ചിരുന്ന ചേരന്‍ ചോളന്‍ രാജാക്കന്‍മാരുടെ കാലഘട്ടത്തില്‍ യോദ്ധാക്കളായി തങ്ങള്‍ ജോലി ചെയ്തിരുന്നുവെന്നും യുദ്ധത്തിന്‍റെ ആവശ്യത്തിനും തേര് തെളിക്കുന്നതിനുമുള്ള അസംസ്കൃത വസ്തുക്കളായ ചൂരല്‍, വക്ക, വള്ളി എന്നിവ ശേഖരിക്കുന്നതിനുവേണ്ടി കാട്ടിലേക്ക് പോയ ഇവര്‍ കാട്ടിലെ വിഭവങ്ങളിലും അന്തരീക്ഷത്തിലും സ്വാതന്ത്രത്തിലും ആക്യഷ്ടരായി. പാണ്ഡ്യരാജാവിന്‍റെ മുന്നിലെത്തിയ യോദ്ധാക്കളുടെ സഹായത്താല്‍ യുദ്ധത്തില്‍ വിജയിച്ച പാണ്ഡ്യരാജാവിനോട് ഞങ്ങള്‍ക്ക് വനമേഖല വളരെയിഷ്ടമാണെന്നും ഞങ്ങളെ അവിടെ ജീവിക്കാന്‍ അനുവദിക്കണമെന്നും അവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍, സമാന്തര രാജാവായി വനമേഖലയില്‍ ഒരു രാജ്യമുണ്ടാക്കി ഭരണം നടത്താന്‍ കല്‍പിചത്രേ. അപ്രകാരം പന്തളം രാജാവിന്‍റെയും പൂഞ്ഞാര്‍ തമ്പുരാന്‍റെയും അനുമതിയോടുകൂടി ഇടുക്കി, കാഞ്ചിയാര്‍ പഞ്ചായത്തചന്‍റ 14-ാം തലമുറക്കാരനായ തേവന്‍ രാജമന്നാന്‍ ഉള്‍പ്പെടുന്ന മറ്റു മൂപ്പന്‍മാരും വിവിധ പ്രദേശങ്ങളില്‍ ഇപ്പോഴും ഭരണം തുടരുന്നു.

ഭരണസമ്പ്രദായം

നാലുമന്നാന്‍ 9 കാണി പത്ത് ഇന്താരിചട്ടപ്രകാരം കുടികളിലെ ഭരണസമ്പ്രദായം നിലനി ര്‍ത്തി പോരുന്നു. ഉപരാജാക്കന്‍മാര്‍ താഴെ പറയുന്ന ചെറുരാജ്യത്തിന്‍റെ ഭരണകര്‍ത്താക്കളാണ്

കിഴക്കന്‍ പ്രദേശം- തലമ്പില മൂപ്പന്‍ (കല്‍കൂന്തല്‍ ഉടുമ്പന്‍ചോല രാജ്യം)

തെക്ക് - ചിന്ത്രാണ്ടി ഒളിമന്നാന്‍ (കുമളി)

വടക്ക് -വെണ്ടിക്കര വേഞാട് വെണ്ടിമൂപ്പന്‍ മണപ്പാടന്‍ മൂപ്പന്‍(മന്നാങ്കണ്ടം)

പടിഞ്ഞാറ് -കെഞ്ചില മണിയാറന്‍ (മണിയാറന്‍കുടി)

ഭരണക്രമം

രാജ്യഭരണ സമ്പ്രദായമുള്ളതും ഭരണഘടനയില്‍ പ്രത്യേക പരിഗണനയുള്ള 42 വിഭാഗത്തില്‍പെടുന്ന സമൂഹമാണ് മന്നാന്‍മാര്‍

ആഹാരരീതി

കപ്പാലം,പുഡറി, ഞാവല്‍, ചക്ക.നൂറോന്‍

തോട്ടം, നെടുങ്കിശങ്ക് ,മയ്യാല്‍ തുടങ്ങിയ പഴങ്ങളും കിഴങ്ങുവര്‍ഗ്ഗങ്ങളും കൂടാതെ ഈന്തക്കാച്ചില്‍, പനനൂറ് തുടങ്ങിയവയും ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. കൃഷി ആരംഭിച്ചതോടുകൂടി കുറുമ്പുല്ല്, നെല്ല്, തിന,ചാമ,ഉരുക്ക് തുടങ്ങിയവ ആഹാരത്തിനായി ഉപയോഗിച്ചിരുന്നു. ഇവകൂടാതെ തേനിന്‍റെ ഇളംകുഞ്ഞ് പുഴുങ്ങി തേന്‍കലര്‍ത്തി കഴിക്കുന്നു. മുഞ്ഞെലി ഇറച്ചി ഔഷധയിറച്ചിയായി ഉപയോഗിക്കുന്നു. ഉടുമ്പ്, ആമ മുട്ടകളും, കൂരന്‍, മുള്ളന്‍, കേഴ, മ്ലാവ് അളുങ്കന്‍ എന്നീ കാട്ടിറച്ചികളും കഴിക്കുന്നു. കാട്ടുപോത്തിന്‍റെ ഇറച്ചി കഴിക്കാറില്ല.

തൊഴില്‍

കുമളിയിലെ മന്നാന്‍മാര്‍ മീന്‍പിടുത്തം ഉപതൊഴിലാക്കി സ്വീകരിച്ചിട്ടുണ്ട്. ഇവ കൂടാതെ ചീവയ്ക്ക, പത്രിപ്പൂവ്, കാട്ടുപടവലം, മഞ്ഞക്കൂവ തുടങ്ങിയ വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തിവരുന്നു.

ഉത്സവങ്ങള്‍

വിളവെടുപ്പ് കാലങ്ങളിലാണ് പ്രധാനമായും ഉത്സവം ആഘോഷിക്കുന്നത്. ഇതിനെ പൊങ്കല്‍- കാലാവൂട്ട് കഞ്ചിവെപ്പ് എന്നിങ്ങനെ അറിയപ്പെടുന്നു. ഉത്സവത്തിന് വനദേവതാമൂര്‍ത്തികളായ കാഞ്ചിയാര്‍ മുത്തിയമ്മ, നാടാണി അയ്യപ്പന്‍, പാട്ടിപ്പൊങ്കല്‍, കാളച്ചാവര്‍, മായാവര്‍ തുടങ്ങിയ ദേവീദേവന്‍മാര്‍ക്ക് പൊങ്കല്‍ പൂജാകര്‍മങ്ങള്‍ നടത്തിവരുന്നു,

വിനോദം

കൂത്തും പാട്ടും പ്രധാനവിനോദം , പ്രധാനമായും കോവിലന്‍,കണ്ണകി എന്നീ ദേവീദേവന്‍മാരുടെ ചരിത്രമുള്‍ക്കൊള്ളുന്നതും പൂര്‍വ്വികന്‍മാരുടെ അവതാരങ്ങളെ പുകഴ്ത്തിയുള്ള പാട്ടുകളും കൃഷിപാട്ടുകളും കല്യാണപാട്ടുകളും പ്രധാനങ്ങളാണ്.

വിവാഹം

മരുമക്കത്തായ സമ്പ്രദായമാണ് തുടരുന്നത്. ഒരു വര്‍ഷത്തിനുമുമ്പായി നിശ്ചയിച്ചിട്ടുള്ള പെണ്ണോ ചെറുക്കനോ പരസ്പരം വീടുകളില്‍ താമസിച്ച് ഇക്കാലയളവില്‍ പ്രാപ്തരാണോ എന്ന് തെളിയിക്കുന്ന മുറയ്ക്ക് കുടിയാക്കന്‍മാരുടെ സാന്നിധ്യത്തില്‍ (ഊരുമൂപ്പന്‍) വിവാഹം നടത്തിക്കൊടുക്കുന്നു. പണം സ്ത്രീധനമായി കൊടുക്കാറില്ല. പകരം സ്ഥലം വീതിച്ചുകൊടുക്കുന്നു. പെണ്‍കുട്ടിയെ സംബന്ധിച്ച് ആദ്യമാസമുറ വിവാഹപ്രായമായി കണക്കാക്കുന്നു . മാസമുറ സമയത്ത് വാലാമപുരയില്‍ 7 ദിവസം കഴിയണം. ഭക്ഷണം അവിടത്തന്നെ പാകം ചെയ്ത് കഴിക്കണം. വിലാത്തി എന്നറിയപ്പെടുന്ന മാന്ത്രികന്‍മാരുടെയും പൂജാരിമാരുടെയും മുന്നില്‍ ഈ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ദൈവദോഷവും കുറ്റകരവുമാണെന്നാണ് വിശ്വാസം.

ചികിത്സാരീതി

രോഗം വന്നാല്‍ ചികിത്സയ്ക്കുമുമ്പായി കോടങ്കി പ്രശ്നം നോക്കിയ ശേഷമേ ചികിത്സ തുടങ്ങറുള്ളു. വലിവ് ,ഗര്‍ഭനിരോധനം, മഞ്ഞപ്പിത്തം ,രക്തം പോക്ക് എന്നിവയ്ക്ക് ഒറ്റമൂലി ചികിത്സാ സമ്പ്രദായമുണ്ട്.

ജനനം

പ്രസവം,മന്നക്കൂര എന്ന വാലാമപുരയില്‍ നടക്കുന്നു . പ്രസവതടസ്സം ഉണ്ടാകുന്ന പക്ഷം സുഖപ്രസവം ഉണ്ടാകുന്നതിനുവേണ്ടി മാന്ത്രിക പ്രശ്നങ്ങള്‍ നടത്തി കുടുംബത്തിലെ മരിച്ചുപോയവരുടെ ആത്മാക്കളുടെ ഉള്‍വിളിപ്രകാരമുള്ള പേര് വിളിക്കുന്നു. രണ്ടാഴ്ച്ചയ്ക്കുശേഷമേ താഴ്പുരയില്‍ (വീട്) പ്രവേശിക്കയുള്ളു

മരണം

മരണപ്പെട്ടയാളിന്‍റെ ആത്മാവിന്‍റെ സംതൃപ്തിക്കായി മരിച്ചദിവസം രാത്രി പാട്ടുംകൂത്തും നടത്തിവരുന്നു. മരിച്ച വ്യക്തിയെ തറയില്‍ പരമ്പ് വിരിച്ച് അതില്‍ കിടത്തി ചടങ്ങുകള്‍ നടത്തുന്നു. ചന്ദനമരച്ച് നെറ്റിയില്‍ വച്ച് അതില്‍ നാണയം ഒട്ടിക്കുന്നു. തുടര്‍ന്ന് പട്ട് പുതപ്പിച്ച് ,വിവാഹിതയായ സ്ത്രീ താലിയും ചരടും തലഭാഗത്ത് വക്കുന്നു. മരിച്ചയാള്‍ ഉപയോഗിച്ച സാധനങ്ങള്‍ കൂടെ വക്കും. ഏഴ് ദിവസത്തേക്ക് ഭര്‍ത്താവാണെങ്കില്‍ ഭാര്യയും ഭാര്യയാണെങ്കില്‍ ഭര്‍ത്താവും നോമ്പ് നോക്കുന്നു. ഏഴ്, പതിനാറ്, ആണ്ട് എന്നിവയും ചടങ്ങായി നടത്തുന്നു. ഒരു വര്‍ഷത്തോളം നോമ്പ് നോറ്റയാള്‍ ലഘുജീവിതം നയിക്കണം. ഏഴാം ദിവസം കഞ്ചിവെയോ എന്നൊരു ചടങ്ങില്‍ എല്ലാ ബന്ധുക്കളും പങ്കെടുക്കണം

വിശ്വാസം

മരിച്ചുപോയ ആളിന്‍റെ ആത്മാവ് ജീവിച്ചിരിക്കുന്ന ബന്ധുമിത്രാദികളില്‍ കുടികൊള്ളുന്നു. ഈ വിശ്വാസം നിലനിര്‍ത്തുന്നതാണ് ചുറ്റുനേര്‍ച്ച സമ്പ്രദായം, കാണിക്ക നേര്‍ച്ച, പൊലിവ നേര്‍ച്ച ,അന്നദാന സമ്പ്രദായം ചെയ്ത കുറ്റത്തുന് 25 പൈസ വഴിപാട് പ്രധാന നേര്‍ച്ചയാണ്. മരിച്ച ആത്മാക്കളെ ചാവര്‍ എന്നും മൂര്‍ത്തികളെ ദൈവങ്ങളെന്നും വിളിക്കുന്നു

ഭൂമിദാതാവ്

ഈ ചടങ്ങ് മന്നാന്‍ സമുദായത്തില്‍പെട്ട പ്രത്യേക വിഭാഗത്തിന് ഒരു മണ്‍മുത്തിയുണ്ട്. ഈ വിഭാഗത്തിന്‍റെ ഒരു വര്‍ഷക്കാല ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി ഈ കുടുംബത്തിലെ പ്രായം ചെന്ന സ്ത്രീ കുടുംബക്കാരെ വിളിച്ചുകൂട്ടി തടികുത്തല്‍( വടികുത്തല്‍) കര്‍മം ചെയ്യുന്നു

പൊടിയരിപൊങ്കല്‍

മന്നാന്‍ സമുദായത്തിന്‍റെ ഐശ്വര്യത്തിനും ക്ഷേമത്തിനും ദീര്‍ഘായുസ്സിനും വേണ്ടി ആണ്ടിലൊരിക്കല്‍ ചെയ്തുവരുന്ന വഴിപാടാണ് പൊടിയരിപൊങ്കല്‍(പുടിയരി)

ഭാഷ

തമിഴ് കലര്‍ന്ന പ്രാകൃത ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. ലിപിയില്ലാത്തതുകൊണ്ട് ഒന്നും തന്നെ എഴുതിവെയ്ക്കാറില്ല. മന്നാന്‍ പേച്ചും മലയാള അര്‍ത്ഥവും

വീട് -കൂര

ആഹാരം-തീന്‍

കളികള്‍ -മുളാട്ടില്‍

അഴ -മശ

ആകാശം-വാനം

തൊഴില്‍-വേലവെട്ടി

ഏനം -പാത്രം

പൂന -പൂച്ച

വെള്ളം -തണ്ണി

നിയ്ങ്ക പുള്ളെ പേരെന്തനേത്ത?- നിങ്ങളുടെ കുട്ടിയുടെ പേരെന്താണ്?

എല്ലാവരും എന്തിനില്ലിന്‍?- എല്ലാവരും എഴുന്നേറ്റുനില്‍ക്കുക?

നിനക്കു പഞ്ചം പുടിക്കുനതീ - നിനക്കു വിശക്കുന്നുണ്ടോ?

അവലംബം

ആദിവാസി ഭാഷാ സമന്വയ സഹായി (ഡി.പി.ഇ.പി ഇടുക്കി)

വിക്കിപീഡിയ.ഒരു സ്വതന്ത്ര വിജ്ഞാന കോശം കേരളത്തിലെ ആദിവാസികളുടെ ജീവിതവും സംസ്കാരവും കറന്‍റ് ബുക്സ്-2005

മുതുവാന്‍

പേര് -ഉത്ഭവം

കണ്ണകി ശാപത്താല്‍ മധുര നഗരം കത്തിയെരിഞ്ഞപ്പോള്‍ കയ്യില്‍ കിട്ടിയതെല്ലാം വാരി ഭാണ്ഡത്തിലാക്കി മുതുകിലേറ്റി കാടുകയറി. ഇഷ്ടദേവതയായ മധുരമീനാക്ഷിയുടെ വിഗ്രഹവും ഇതോടൊപ്പമുണ്ടായിരുന്നു. ഇതോടെ മുതുവാന്‍ എന്ന പേരും വന്നു

ഭാഷ

തമിഴും പ്രാക്യത മലയാളവും കലര്‍ന്ന ലിപിയില്ലാത്ത ഭാഷയാണ് സംസാരിക്കുന്നത്

ആവാസ കേന്ദ്രങ്ങള്‍

കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയും ഇടുക്കി ജില്ലയുടെ തന്നെ കിഴക്കന്‍ അതിര്‍ത്തിയായ ആനമുടിയോട് ചേര്‍ന്നുള്ള മറയൂര്‍, സൂര്യനെല്ലി, കുണ്ടള, ബൈസണ്‍വാലി എന്നിവിടങ്ങളും ,അടിമാലിയുടെ വിവിധ പ്രദേശങ്ങളും ഇവരുടെ ആവാസകേന്ദ്രങ്ങളാണ്. കോത്തഗിരി, വയനാട്, മീങ്കുത്തി ,വെള്ളിയാമ്പാറ തുടങ്ങി അറുപതോളം ആവാസകേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്

വേഷവിധാനം

പുരുഷന്‍മാര്‍ക്ക് തലക്കെട്ടും ,സ്ത്രീകള്‍ക്ക് മേല്‍പ്പുടവയും നിര്‍ബന്ധമാണ്. പ്രായഭേദത്തിനനുസരിച്ച് സ്ത്രീകളുടെ വേഷവിധാനത്തില്‍ വ്യത്യാസമുണ്ട്

കുലവും ഗോത്രവും

ഒരു കുലത്തില്‍ സാധാരണയായി ഒന്നിലധികം ഗോത്രങ്ങള്‍ ഉണ്ട്. മേലാക്കൂട്ടം, കാനക്കൂട്ടം, പൂതാനിക്കൂട്ടം, കണിയാട്ട് കൂട്ടം, എല്ലിക്കൂട്ടം, ശൂനക്കൂട്ടം എന്നിവയാണ് പ്രധാനപ്പെട്ടവ. ഇതില്‍ ഏറ്റവും ഉയര്‍ന്നത് മാലാക്കൂട്ടമാണ്. മാലാക്കൂട്ടത്തിനാണ് കാണിസ്ഥാനം. കേരളത്തിലെ ആദിവാസി ഗോത്രസമുദായങ്ങളില്‍ സ്ത്രീ- പുരുഷ അനുപാതം ദേശീയ ശരാശരിയേക്കാള്‍ കുറവുള്ള ഏകവര്‍ഗ്ഗകാര്‍ ഇവരാണ്

ആചാരനുഷ്ഠാനങ്ങള്‍

മുതുവാന്‍മാര്‍ ഹിന്ദു മതവിശ്വാസികളാണ്. ഇവരുടെ പ്രധാന ആരാധന മൂര്‍ത്തികള്‍ മുരുകന്‍, മാരിയമ്മ, മലദൈവങ്ങള്‍ എന്നിങ്ങനെയാണ്. വെറ്റില, പാക്ക്, തേങ്ങ, അവല്‍, ശര്‍ക്കര, പഴം എന്നിവ വച്ച് പൂജിക്കുകയും വെളിച്ചപാട് തുള്ളി അരുളപ്പാട് നടത്തുകയും ചെയ്യുന്നു . മരിച്ചുപോയവരുടെ ആത്മാക്കളെയും ഇവര്‍ ആരാധിക്കുന്നു. എല്ലാ കുടികളിലും ഓരോ കോവില്‍ ഉണ്ടായിരിക്കും. ഈ അടുത്ത കാലത്തായി ഓണവും ,വിഷുവും ഇവര്‍ ആഘോഷിക്കുന്നു.

മുതുവാന്‍മാര്‍ സ്വസമുദായത്തില്‍ നിന്നു മാത്രമേ വിവാഹം കഴിക്കാറുള്ളൂ. ഈ നിയമം ലംഘിക്കുന്നവരെ സമുദായത്തില്‍ നിന്നും പുറന്തള്ളുന്നു . പഴയ ആചാര രീതിയായ മുറ സമ്പ്രദായമാണ് ഇവര്‍ പിന്തുടരുന്നത്. പ്രായപൂര്‍ത്തിയായ സ്ത്രീയെ പുരുഷന്‍ സ്പര്‍ശിക്കരുതെന്നാണ് നിയമം. തൊട്ടാല്‍ ആയാള്‍ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതനായി തീരുന്നു. സ്ത്രീകള്‍ കോഴിമുട്ട കഴിക്കാന്‍ പാടില്ലെന്നാണ് വിലക്ക്. ഇന്നതില്‍ മാറ്റം വന്നിട്ടുണ്ട്. ബാല്യദശ കഴിഞ്ഞാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തന്താങ്ങള്‍ക്കായി തീര്‍ത്ത ചാവടികളിലാണ് അന്തിയുറങ്ങുന്നത്. വിവാഹത്തലേന്ന് ചാവടിയോട് ഗാനരൂപത്തില്‍ വിടചൊല്ലി ചാവടി ജീവിതം അവസാനിപ്പിക്കുന്നു. വൈകിട്ട് 6 മണിയോടെ ഭക്ഷണത്തിന് ശേഷം കുട്ടികള്‍ ചാവടിയില്‍ ഒത്തുചേരുന്നു. പിന്നെ അവരുടേതായ കലാരൂപങ്ങള്‍ ആഴിക്കൂട്ടി അതിനു ചുറ്റുമായി ഇരുന്ന് അവതരിപ്പിക്കുന്നു.

ആഘോഷങ്ങള്‍

പൊങ്കല്‍, കാര്‍ത്തിക, ആടി എന്നിവയാണ് പ്രധാന വിശേഷ ദിവസങ്ങള്‍. എല്ലാ പ്രധാന ആഘോഷങ്ങള്‍ക്കും കോഴിക്കുരുതിയും സ്വാമി കുമ്പരിടലുമുണ്ട്. പൊങ്കലിന് 12 ദിവസത്തെ ആഘോഷമാണ്. പുരുഷന്‍മാര്‍ വേഷപ്രഛന്നരായി ഈ ദിവസങ്ങളില്‍ താതന്‍മാര്‍ എന്ന പേരില്‍ കുളിയ്ക്കാതെയും വസ്ത്രം മാറാതെയും നടക്കുന്നു. പൊങ്കലിന്‍റെ അവസാന ദിവസം ക്ഷേത്ര പൂജാരി ഒളിപ്പിച്ചുവയ്ക്കുന്ന നാളികേരം താതന്‍മാര്‍ കണ്ടെത്തിയതിന് ശേഷം ഇതുമായി ക്ഷേത്രമുറ്റത്ത് നടത്തുന്ന ആട്ടുപാട്ടില്‍ ഇവരുടെ വേഷഭൂഷാധികള്‍ ഓരോന്നായി അഴിച്ചിടുകയും അത് ഭാണ്ഡത്തിലാക്കി മുതുകിലേറ്റി തൊട്ടടുത്ത വലിയോട (പുഴ)യില്‍ പോയി കുളിച്ചു വരുമ്പോഴേക്കും മാംസാഹാരം ഉള്‍പ്പെടെ സദ്യ ഒരുക്കി കഴിക്കുന്നു.

പൊങ്കല്‍ തന്നെ പല പേരുകളില്‍ അറിയപ്പെടുന്നു. ആണ്ടവന്‍ പൊങ്കല്‍, തൈപ്പൊങ്കല്‍, മാട്ടുപ്പൊങ്കല്‍, ഇളംതാരിപ്പൊങ്കല്‍

ആണ്ടവന്‍ പൊങ്കല്‍

വനത്തിനുള്ളില്‍ വച്ച് നടത്തുന്ന പൂജ. ഈ പൂജയില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാറില്ല. ഇതിനുപയോഗിക്കുന്ന പൂജാസാമഗ്രികള്‍ പോലും സ്ത്രീകളെ കാണിക്കുകയില്ല.

തൈപ്പൊങ്കല്‍

മകരമാസം 1ാം തീയതി നടത്തുന്ന പൂജ. കുടിയിലെ ക്ഷേത്രത്തിലാണ് ഇവ നടത്തുക

മാട്ടുപ്പൊങ്കല്‍

കന്നുകാലികളെ കുളിപ്പിച്ച് ഒരുക്കി പൂമാലയണിയിച്ച് പൊങ്കല്‍ വച്ച് നല്‍കിയ ശേഷം പടക്കം പൊട്ടിച്ച് സ്വതന്ത്രരാക്കി വിടുന്നു.

ഇളംതാരിപൊങ്കല്‍

കൗമാരപ്രായക്കാരുടെ ആഘോഷമാണിത്. ഈ പ്രായക്കാര്‍ ഒരുമിച്ച് ചേര്‍ന്ന് ഭക്ഷണമൊരുക്കി കഴിച്ച് ആടിപാടി ആഘോഷിക്കുന്നു. ഇതിനുള്ള വിഭവങ്ങള്‍ ശേഖരിക്കുന്നത് ഇളംതാരിവേല എന്ന പേരില്‍ ഓരോ കുടുംബത്തിനും ഇവര്‍ ചേര്‍ന്ന് ഒരു ദിവസത്തെ പണികള്‍ ചെയ്ത് കൊടുക്കുന്നു. ഇതിന്‍റെ പ്രതിഫലം ഒരു കോഴിയും , 50 രൂപയും ,10 കിലോ അരിയുമാണ്. ഇത് വര്‍ഷത്തിലൊരിക്കല്‍ ശേഖരിച്ച് ഇളംതാരിപൊങ്കല്‍ നടത്തുന്നു.

ജീവിതരീതി

ഏകദേശം ഒരേ വലിപ്പമുള്ള രണ്ടു മുറികളുള്ള പുല്‍വീടുകളാണ് മുതുവാന്‍മാര്‍ പണിയുന്നത്. കാറ്റടിച്ച് വീട് തകരാതിരിക്കാന്‍ കാറ്റുപട്ട എന്ന പേരില്‍ മറച്ചുകെട്ടല്‍ എല്ലാ വീടുകള്‍ക്കുമുണ്ടാകും. മുതുവാന്‍മാര്‍ കൂട്ടമായാണ് താമസിക്കുക. മറ്റു സമുദായക്കാരെ ഇവര്‍ കൂട്ടത്തില്‍ താമസിപ്പിക്കുകയില്ല. ഓരോ കുടിക്കും ഒരു കാണി ഉണ്ടായിരിക്കും. കുടിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നത് കാണിയുടെ നേതൃത്വത്തില്‍ ചേരുന്ന പഞ്ചായത്തില്‍ ആണ്. പഞ്ചായത്തില്‍ തീര്‍പ്പാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ക്ക് ഇപ്പോള്‍ പോലീസിന്‍റെ സഹായം തേടുന്നു. വിവാഹപ്രായമായാല്‍ മുറപ്പെണ്ണിനെ തോള്‍മക്കാര്‍ (കൂട്ടുകാര്‍) കാട്ടിലൊളിപ്പിക്കും. ചെറുക്കനും, കൂട്ടുകാരും ഇവരെ തേടി കണ്ടുപിടിക്കണം. ശേഷം വീട്ടിലെത്തി മഞ്ഞച്ചരടണിയുകയും, വെറ്റില കൈമാറുകയും വരന്‍ സ്വയം ഉണ്ടാക്കിയചീപ്പ് തലയില്‍ കുത്തി വെയ്ക്കുകയും ചെയ്യുന്നതോടെ വിവാഹം പൂര്‍ത്തിയാകുന്നു. മരണം വരെ ഈ ചീപ്പ് ഭാര്യ മുടിയില്‍ ചൂടണമെന്നാണ് നിയമം. ജേഷ്ഠന്‍റെ വിധവയെ അനുജന്‍ വിവാഹം കഴിക്കുക എന്ന സമ്പ്രദായം ഇവരില്‍ അടുത്ത കാലം വരെ നിലനിന്നിരുന്നു.

സ്ത്രീകള്‍ ഗര്‍ഭണിയായാല്‍ പ്രസവം വരെ ലൈഗീകബന്ധത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം. ചേറുവീട് പ്രത്യേകമായി നിര്‍മ്മിക്കുന്നു. ഇതിന് തിണ്ണവീട് അല്ലെങ്കില്‍ വാലാമപ്പുര എന്നാണ് പറയുന്നത്. ഋതുമതിയാകുമ്പോഴും നാല് ദിവസം ഇവിടെയാണ് താമസം. വാലാപ്പുരയില്‍ ഇട്ടിരിക്കുന്ന രണ്ടു കല്ലില്‍ കുത്തിയിരുന്ന് മുകളില്‍ കെട്ടിയിരിക്കുന്ന കയറില്‍ പിടിച്ചിരുന്നാണ് പ്രസവം. പ്രസവശേഷം ഈറ്റയുടെ പൊളി ഉപയോഗിച്ചാണ് പൊക്കിള്‍ക്കൊടി മുറിക്കുന്നത്. എല്ലാ സ്ത്രീകളും ഇത് കണ്ടിരിക്കണമെന്നാണ് നിയമം. സഹായത്തിനായി പ്രത്യേകം പണ്ടിക്കാരികള്‍ (ഗര്‍ഭണികള്‍) ഉണ്ടായിരിക്കും. പ്രസവിച്ച് അടുത്ത ദിവസം മുതല്‍ കുട്ടികളെ മുതുകുലേറ്റി അവര്‍ എല്ലാ ജോലികളും ചെയ്യുന്നു. അമ്മമാര്‍ ജോലികള്‍ ചെയ്യുന്നതോടൊപ്പം തന്നെ, കുഞ്ഞ് മാറാപ്പിലിരുന്ന് പാല്‍കുടിച്ച് ഉറങ്ങുകയും ചെയ്യുന്നു.

ഋതുമതികളാകുന്ന പെണ്‍കുട്ടികളെ 4 ദിവസം വാലാപ്പുരയില്‍ താമസിപ്പിച്ചതിന് ശേഷം വീട്ടിലേക്ക് കയറ്റികൊണ്ടുവരുന്നത് ഒരു ചടങ്ങാണ്. അവളെ സാരിയുടുപ്പിച്ച്(മേല്‍പ്പുടവ) തലമുടി കൊണ്ട് കെട്ടി പൂക്കള്‍ വച്ച് ഒരുക്കി മഞ്ഞള്‍ നിറച്ച വെള്ളം തലയില്‍ വച്ച് തൊഴിമാരോടൊപ്പം എല്ലാ വീടുകളും കയറിയിറങ്ങുന്നു. ഓരോ വീടുകളിലും ഇവര്‍ ആശപ്പാട്ട് പാടിയാണ് കയറിയിറങ്ങുന്നത്. ഇതോടൊപ്പം ചെളിയും ചാണകവും കുഴച്ച് പരസ്പരം എറിഞ്ഞും ഒഴിച്ചും കളിക്കുന്നു. ഇതിനുശേഷം കുളിച്ച് പുതുവസ്ത്രങ്ങളണിഞ്ഞ് വരുമ്പോഴേക്കും വീട്ടില്‍ സദ്യ ഒരുക്കി എല്ലാവര്‍ക്കും നല്‍കുന്നു.

ആണ്‍കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉറുമാല്‍ കെട്ടല്‍ എന്ന ചടങ്ങുണ്ട്. ഇതും ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ഒരു ചടങ്ങാണ്. മുതുവാന്‍മാര്‍ പൊതുവെ ആശുപത്രിയില്‍ പോകാറില്ല. പാരമ്പര്യ വൈദ്യത്തില്‍ വിശ്വസിക്കുന്നു. ഇത് ഫലപ്രദവുമാണ്. ഇത് വാമൊഴിയായി പകര്‍ന്നുനല്‍കുന്നുമുണ്ട് കുടുംബാസൂത്രണത്തിനു വരെ ഇവര്‍ക്ക് മരുന്നുണ്ട്. ഇവര്‍ പൊതുവെ ആരോഗ്യവാന്‍മാരാണ്.

മരണം ഇവര്‍ക്ക് പൊതുവെ പേടിയാണ്. മരിച്ചതറിഞ്ഞാല്‍ ഇവര്‍ കരി തൊടുകയും, പുരുഷന്‍മാര്‍ വാക്കത്തിയുമായും നടക്കുന്നു. വാക്കത്തി മലര്‍ത്തിപ്പിടിച്ചാണ് മരണം അറിയിക്കാന്‍ പോവുക. മരിച്ചയാളെ കുളിപ്പിക്കാതെ പുതിയ പനമ്പ് വിരിച്ചു കിടത്തി വെള്ള പുതപ്പിക്കും. മഞ്ഞള്‍ കുഴച്ച് വായ അടക്കും, നെറ്റിയില്‍ മഞ്ഞള്‍ തേച്ച് നാണയം പതിപ്പിക്കും. മരിച്ചയാളെ കാണാന്‍ മറ്റുള്ളവര്‍ വരുമ്പോള്‍ സ്ത്രീകള്‍ ചുറ്റുമിരുന്ന് പതം പറഞ്ഞ് കരയും. കാട്ടില്‍ നിന്ന് ലക്ഷണമൊത്ത കമ്പ് വെട്ടി മഞ്ചലാക്കി കൊണ്ട് വന്ന് ശവം പറമ്പില്‍ തന്നെ പൊതിഞ്ഞ് മഞ്ചലില്‍ വച്ച് കെട്ടി ചുടുകാട്ടിലേക്ക് കൊണ്ടുപോകും. കുഴിയില്‍ ഇടുവാനായി മരിച്ചയാളുടെ നിത്യോപയോഗ സാധനങ്ങള്‍ (തൂമ്പ, വാക്കത്തി, പ്ലെയിറ്റ്, ഗ്ലാസ്സ്, വസ്ത്രം ) കൂടെ കൊണ്ടു പോകും. മരിച്ചയാളുടെ വിധവ ഉരലില്‍ കുത്തിയെടുത്ത അരി വിതറിയാണ്, ശവം ചുടുകാട്ടിലേക്ക് എടുക്കുന്നത്. പിറ്റേ ദിവസം അടിയന്തിരം നടത്തുന്നു. വീണ്ടും 16 ാം ദിവസം നടത്തുന്ന (അടിയന്തിരം) കൂട്ടുശാറ്റില്‍ ചടങ്ങ് പൂര്‍ത്തിയാക്കിയ ശേഷമാണ് പങ്കാളി കുളിക്കാന്‍ പാടുള്ളൂ.

കൃഷിയും ഭക്ഷണവും

വനവിഭവങ്ങളുടെ ശേഖരണമാണ് ഇവരുടെ പ്രധാന തൊഴില്‍. പുനം കൃഷി ചെയ്യാന്‍ സ്ഥലം ലഭിക്കാതായതോടെ റാഗി, ചാമ, തിന, നെല്ല് , ഏലം, കാപ്പി, കുരുമുളക് എന്നിവ കൃഷി ചെയ്തിരുന്നു. ഇതില്‍ ചാമാ, തിന, റാഗി, നെല്ല് എന്നിവ ഇന്ന് അപ്രത്യക്ഷമായി. വിറക് ശേഖരണമാണ് സ്ത്രീകളുടെ പ്രധാന തൊഴില്‍. വേട്ടയാടലും മീനും, ഞണ്ടു പിടിത്തവും ഇവര്‍ സ്ഥിരം ചെയ്യുന്നു. ഇതിനായി തെറ്റാലി, അമ്പും വില്ലും ,കെണി എന്നിവ ഉപയോഗിക്കുന്നു. ഇന്ന് ഇതിനെല്ലാം മാറ്റം വന്നിട്ടുണ്ട്. കൊരങ്ങാട്ടിയും ( കുറുമ്പുല്ല്) ഞണ്ടുചാറുമാണ് ഇവരുടെ പ്രധാന ഭക്ഷണം. ദിവസത്തില്‍ ഒരു നേരമേ ഇവര്‍ ഭക്ഷണം കഴിക്കാറുള്ളു. അരി വേവിച്ച് വെള്ളമില്ലാതെ വറ്റിച്ചാണ് ഇവര്‍ ഉപയോഗിക്കുന്നത്. പോത്തിറച്ചി ഒഴിച്ച് എല്ലാ കാട്ടിറച്ചിയും ഇവര്‍ കഴിക്കുന്നു.

വിദ്യാഭ്യാസം

പണ്ട് ഇവരില്‍ വിദ്യാഭ്യാസമുള്ളവര്‍ കുറവാണ്. ഇന്ന് നാലാം തരം വരെ പഠിക്കുന്നതിന് എം.ജി.എല്‍.സി കള്‍ എല്ലാ കുടികളിലുമുണ്ട്. ഇന്ന് വിദ്യാഭ്യാസം നേടി ,സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ ധാരാളം പേരുണ്ട്

അവലംബം

ആദിവാസി ഭാഷാ സമന്വയ സഹായി (ഡി.പി.ഇ.പി ഇടുക്കി)

ആദിവാസികളുടെ ജീവിതവും സംസ്കാരവും (ഭാഷാ മലയാളം) രണ്ടാം പതിപ്പ്

ഭാഷ

എന്താ വിശേഷം - ഏണാ ശെയ്തി

എവിടെ പോകുന്നു - ഏതുക്ക് പോന്‍റെ

അറിയില്ലെനിക്ക് - എക്ക് തിക്കില്ലിയെ

പാത്രങ്ങള്‍- ഏനമാനം

അലക്കുക - എറ്റുക

ഭക്ഷണം കഴിച്ചോ - ശാപ്പാട് തിന്‍റിയാ

മലപ്പുലയന്‍മാര്‍

ചരിത്രം

പരമ്പരാഗതമായി വനത്തില്‍ വ്യക്ഷങ്ങളുടെ പോട്ടുകളിലും, ഗുഹകളിലുമാണ് മലപ്പുലയ വിഭാഗത്തില്‍പെട്ട ആളുകള്‍ താമസിച്ചിരുന്നത്. ആറുമാസത്തിലധികം ഒരു സ്ഥലത്തും ഇവര്‍ താമസിച്ചിരുന്നില്ല. ഇപ്പോള്‍ മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലാണ് ഇവരുള്ളത്. കരിമുട്ടി, പുറവയല്‍, ഈച്ചാംപെട്ടി, കൊട്ടപ്പിള്ളം, കഞക്കയം, പുങ്കംപള്ളി, പാളപ്പീട്ടി, വണ്ണാത്തുറ,ചമ്പക്കാട്, ആലാംപെട്ടി, ഊഞ്ഞാംപാറ എന്നിവിടങ്ങളിലുമുണ്ട്. കൂട്ടമായി വീടുകള്‍ വച്ച് താമസിക്കുന്ന രീതിയാണിപ്പോഴുള്ളത്.

ആഹാരരീതി

പ്രധാനമായും വനവിഭവങ്ങളാണ് ഭക്ഷണം. രാവിലെയും വൈകിട്ടുമാണ് ഭക്ഷണം. കപ്പ, കാട്ടുകിഴങ്ങ് എന്നിവയാണ് ഇഷ്ട ഭക്ഷണം. പരമ്പരാഗത ക്യഷി കപ്പ, തിന, വറക്, മധുരകിഴങ്ങ് എന്നിവയാണ്. പശുമാംസം കഴിക്കാറില്ല.

ജീവിതരീതി

വനാന്തരങ്ങളില്‍ സംഘമായി താമസിക്കുന്ന രീതിയാണുള്ളത്. കോളനിയ്ക്ക് ഒരു മൂപ്പന്‍, തലൈവര്‍ എന്നിവരുണ്ട്. കാണിചെയ്യും തലൈവരെയും തിരഞ്ഞെടുക്കുന്നത് കുടിയിലെ എല്ലാവരുടെയും തീരുമാനപ്രകാരം നിക്ഷ്പക്ഷനായ ഒരാളെയാണ്.

വിവാഹരീതി

പരമ്പരാഗതമായി അമ്മാവന്‍റെ മക്കളെയാണ് വിവാഹം കഴിക്കുന്നത്. ചെറുക്കന്‍റെ ആള്‍ക്കാര്‍ പെണ്ണിന്‍റെ അമ്മാവന്‍റെ അടുത്ത് അനുവാദം മേടിക്കുന്നു. അനുവാദം നല്‍കിയാല്‍ ചെറുക്കന്‍ പെണ്ണിനെ കല്യാണം കഴിക്കുന്നു. സ്ത്രീധന സമ്പ്രദായം നിലവല്ല. കുടിയിലെ പ്രായമുള്ള ഒരാള്‍ പാശിമാല ചെറുക്കന്‍റെ കയ്യില്‍ നല്‍കി പെണ്ണിന്‍റെ കഴുത്തില്‍ കെട്ടുന്നു. ബഹുഭാര്യത്വം നിലവിലുണ്ട്

മരണം

ശവസംസ്കാരം നടത്തുന്നത് കുടികളില്‍ തന്നെയാണ്. മരണാന്തര കാര്യങ്ങളില്‍ വിശ്വസിക്കുന്നു. മരിച്ച് ആറാം ദിവസമോ 16 ാം ദിവസമോ ചെറിയ സദ്യ നടത്തുന്നു.

പ്രായപൂര്‍ത്തിയായാല്‍

ഇത് ആഘോഷമായിട്ടാണ് നടത്തുന്നത്. ഒരു പെണ്‍കുട്ടി ഋതുമതിയായാല്‍ ഒരു മാസക്കാലത്തേക്ക് പ്രത്യേക കുടില്‍ കെട്ടി പുരുഷന്‍മാര്‍ ആരും കാണാതെ താമസിപ്പിക്കുന്നു. 30 ാം ദിവസം വാദ്യഘോഷത്തിന്‍റെ അകമ്പടിയോടെ കുളിപ്പിച്ച് കുടിലിന് പുറത്തിറക്കി കുടിയിലേക്ക് കൊണ്ടുവരുന്നു

ആരാധന

കന്നിമാര്‍ എന്ന 7 ദേവികളാണ് ഇവരുടെ ആരാധനമൂര്‍ത്തികള്‍. കാളി, മാരി എന്നിവരാണ് പ്രധാന ദേവിമാര്‍. കാളിയ്ക്കും മാരിയ്ക്കും കോഴിയും മ്യഗബലിലും നടത്തുന്നു. കാസി ,മാരി ക്ഷേത്രങ്ങളിലെ ഉത്സവം മകരമാസത്തിലെ പൗര്‍ണമി രാത്രിയിലാണ്. ആഘോഷപരിപാടിയിലെ പ്രധാന ഇനം കൂത്താണ്.കുത്തീന പാടില്ല. മേളം ഉണ്ട്. കുഴല്‍, കീഴിമ്മട്ടി, ഉറുമി എന്നീ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുള്ളുന്നു.

രോഗങ്ങള്‍

ശരീരത്തില്‍ മുറിവുണ്ടായാല്‍ 'ചാണിപുഡുളെ' എന്ന സസ്യത്തിന്‍റെ ഇല ഇടിച്ച് പിഴിഞ്ഞ് മുറിവില്‍ കെട്ടുന്നു. പനി, ചുമ എന്നിവയ്ക്ക് ഞണ്ടു രസം വച്ച് കഴിക്കുന്നു. കല്ലന്‍മുളയുടെ കമ്പ് കൊത്തിയരിഞ്ഞ് കറിവെച്ച് കഴിച്ചാല്‍ ചതവ്, കഫകെട്ട് മാറുകയും കുടവയര്‍ കുറയുകയും ചെയ്യുന്നു. പകര്‍ച്ചവ്യാധിയില്‍ ദേവീ കോപം മൂലമെന്നാണ് ഇവരുടെ വിശ്വാസം. നേര്‍ച്ചകള്‍ ബലികള്‍ എന്നിവ നടത്തി ദേവപ്രീതി നേടുന്നു.

മലമ്പണ്ടാരം

കേരളത്തില്‍ കണ്ടുവരുന്ന പശ്ചിമഘട്ട മലനിരകളില്‍ താമസിച്ച് വരുന്നവരാണിവര്‍. ആദിവാസി സമുദായത്തിലെ ഏറ്റവും അടിത്തട്ടില്‍ ഉള്ളവരാണിവപര്‍. ഇടുക്കി, പത്തനംതിട്ട, ശബരി മല പ്രദേശത്തെ കാടുകളില്‍ താമസിച്ച് വരുന്നു.

ചെറിയ ഗ്രൂപ്പുകള്‍ ആയിട്ടാണ് കഴിയുന്നത് 'കൂട്ടം' എന്നു പറയുന്നു. വനത്തെയും വനവിഭവങ്ങളെയും ആശ്രയിച്ചാണ് കഴിയുന്നത്. മലമ്പണ്ടാരം വിഭാഗത്തില്‍പ്പെട്ടവര്‍ 514 കുടുംബങ്ങളായിട്ടും 1662 അംഗങ്ങളുമാണ്. കൊല്ലം ജില്ലകളില്‍ കാണപ്പെടുന്നു

ആചാരം

ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നു. പ്രത്യേകം അനുഷ്ഠാനങ്ങളോ ദേവിദേവന്‍മാരോ ഇവര്‍ക്കില്ല. കലാരൂപങ്ങളും ഇവരുടെ ഇടയില്‍ കണ്ട് വരുന്നില്ല.

ഭാഷാ

മലയാളം ആണ് സംസാരിക്കുന്നത്. നീട്ടിക്കുറുക്കിയ രീതിയില്‍ ആണ് സംസാരം

ഉപജീവിനം

തേന്‍, തെള്ളി(കുന്തിരിക്കം) ,പത്തിരിപ്പൂ, ഇഞ്ചി, മഞ്ഞള്‍, കുടുംപുളി,കുട്ട നെയ്യല്‍ എന്നിവയാണ് ഉപജീവിന മാര്‍ഗ്ഗമായി ഉപയോഗിക്കുന്നത്.

വേഷം

ഏത് വസ്ത്രവും ഉപയോഗിക്കുന്നു. പാകം ( ചേര്‍ച്ച) ആകണമെന്ന് ഒരു നിര്‍ബന്ധവുമില്ല.

ജീവിതരീതി

എല്ലാത്തര വിഭാഗക്കാരില്‍ നിന്നും തികച്ചും വ്യത്യസ്തമായ ജീവിതരീതിയാണ് 'മലമ്പണ്ടാരം' വിഭാഗക്കാരുടേത്. തൊഴില്‍ തേടി നടക്കുന്നില്ല. 'കാട് ആണ് ആശ്രയം. സ്വന്തം കുടികളില്‍ വന്നാല്‍ പോലും അധികം സ്ഥിരതാമസമാക്കാതെ കാട്ടിലേക്ക് തന്നെ തിരിച്ച് പോകുന്നു. ഇവരെ നിയന്ത്രിക്കാന്‍ ഊര് മൂപ്പനോ, രാജാവോ അങ്ങനെ ആരും തന്നെ ഇല്ല. തികച്ചും സ്വാതന്ത്രരാണിവര്‍. ഗൂഷ്മത ഇല്ലായ്മ ഇവരില്‍ കാണുന്നു. ഈറ്റയിലും ചൂരലിലും പല തരങ്ങളില്‍ കുടികള്‍ നെയ്യാന്‍ സമര്‍ത്ഥരാണ്. എന്നാല്‍ ഈ തൊഴില്‍ അവര്‍ പ്രയോജനപ്പെടുത്തുന്നില്ല. മരണാന്തര ചടങ്ങുകള്‍ നടത്തപ്പെടുന്നില്ല. മരിച്ച ആളുടെ ശവശരീരം മറവ് ചെയ്യുന്നില്ല. അതിന് മുകളിലായിട്ട് പച്ചില(കൂവില) കൊണ്ട് മൂടി ഇട്ട് ആ ശവശരീരത്തെ അവിടെ ഉപേക്ഷിച്ചിട്ട് മറ്റൊരു സ്ഥലം തേടിപോവുകയാണ് ചെയ്യുന്നത്. വനത്തെയും വനവിഭവങ്ങളെയും ആശ്രയിച്ചാണ് കഴിയുന്നത്. ചോറ് ഭക്ഷണമാക്കുന്നു. കൂടാതെ കാട്ടിലെ 'കൂര്‍ക്ക' (കിഴങ്ങ് പൊടി), പന മാവ്, ഈന്ത് കായ എന്നിവ ആണ് ആഹാരം. പ്രസവിച്ച സ്ത്രീകള്‍ക്ക് മരുന്നായി കൊടുക്കുന്നത് ഇഞ്ചിയും തേനും ആണ്.

പളിയ വിഭാഗം

ചരിത്രം

പളിയന്‍മാര്‍ വളരെ ചെറിയ ജനസമൂഹമാണ്. കേരളത്തിന്‍റെ പശ്ചിമഘട്ടമലനിരകളിലാണ് പണ്ടുകാലം മുതല്‍ ഇവര്‍ വസിക്കുന്നത്. ഇടുക്കി ജില്ലയില്‍ പീരുമേട്, ഉടുമ്പഞ്ചോല താലൂക്കുകളിലുള്ള അണക്കര, പളിയകുടി, ചക്കുവള്ളം ,പുളിയന്‍മല സന്യാസി ഓട ക്കു സമീപമുള്ള കാട്ടുകുടി, അന്യാര്‍തൊളു തമിഴ്നാട്ടില്‍ ലോവര്‍ ക്യാമ്പിന് സമീപമുള്ള മണ്ണാത്തി പാറയിലും ഇവര്‍ വസിക്കുന്നു.

വിശ്വാസം

ചക്കുവള്ളത്തു താമസിക്കുന്ന വര്‍ ക്രിസ്തുമത വിശ്വാസികളും ബാക്കി വരുന്നവര്‍ ശബരി മല അയ്യപ്പനെ വിശ്വസിക്കുന്നവരുമാണ്.

/

ആചാരങ്ങള്‍

കോളനി നേതാവിനെ കാണിക്കാരന്‍ എന്നാണ് വിളിക്കുന്നത്. കാണിക്കാരനെ തിരഞ്ഞെടുക്കുന്നത് മരുമക്കതായ സമ്പ്രദായം അനുസരിച്ചാണ്. നിലവിലുള്ള കാണി മരിക്കാറാകുമ്പോള്‍ അടുത്ത കാണിയെ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കുന്നയാള്‍ കാണിക്ക് ദക്ഷിണ നല്‍കി കാണി പറയുന്നതുപോലെ കുടിയിലുള്ളവരെ നോക്കി നടത്തണം.കാണിയെ അനുസരിച്ച് കുടി വാസികള്‍ ജീവിക്കണം. ചെരിപ്പ് ധരിച്ച് കാണിയുടെ മുമ്പില്‍ പോകുവാനോ കാലു നീട്ടി ഇരിക്കാനോ പാടില്ല. പൂജാരിയായി കുടിലി ല്‍ നിന്ന് പ്രായമായ ആളെ നിയമിക്കുന്നു. കുടിയില്‍ കഷ്ട നഷ്ടം ഉണ്ടാകുമ്പോള്‍ എല്ലാവരും മഞ്ഞ വെള്ളത്തില്‍ കുളിച്ച് കൂട്ടമായി ദൈവത്തെ വിളിക്കും.ഇത്തരം പ്രാര്‍ത്ഥനകളില്‍ ഉപയോഗിക്കുന്നത് കാതോല, കറുകമണി, കുങ്കുമം എന്നിവയാണ്.കോഴി വെട്ട് ആചാരരീതിയാണ്. കറുപ്പ സ്വാമി പ്രധാന ആരാധന മൂര്‍ത്തിയാണ്. ആഘോഷങ്ങള്‍ക്ക് സദ്യയുണ്ടാകും.

ഭാഷ

തമിഴ് ഭാഷയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ മലയാളവും ഉപയോഗിക്കുന്നു.

ജീവിതരീതി

പെണ്‍കുട്ടി പ്രായമായാല്‍ വീടിനടുത്തുതന്നെ വീടുവെച്ച് താമസിക്കും. ഈ സമയത്ത് പുരുഷനെ കാണാന്‍ പാടില്ല. പെണ്‍കുട്ടിയുടെ കയ്യില്‍ ഒരു കത്തി അപ്പന്‍ നല്‍കും (സ്വയ രക്ഷയ്ക്ക്). മൂന്ന് മാസം ഇങ്ങനെ പെണ്‍കുട്ടി കുടിലില്‍ കഴിയണം. ഈ സമയത്ത് പെണ്‍കുട്ടി കുളിക്കാന്‍ പാടില്ല. ആഹാരം കഴിക്കുമ്പോള്‍ കൈവിരള്‍ മുട്ടിന്‍റെ താഴെ മാത്രം ഭക്ഷണത്തില്‍ മുട്ടാന്‍ പാടുള്ളു. ആഹാരം അമ്മ പാക ചെയ്ത് കുടുലില്‍ എത്തിക്കും. മൂന്നു മുഖം മറച്ച തുണി മാറുകയുള്ളു.

വിവാഹം

പ്രായഭേദമെന്യേ മുറച്ചെക്കനെ വിവാഹം കഴിക്കണം. ചെണ്ട മേളത്തോടുകൂടി എല്ലാ വീട്ടിലും നടന്ന് വെറ്റില പാക്ക് ദക്ഷിണ നല്‍കി വിവാഹം വിളിക്കും. വിവാഹ സദ്യ ഇരു കൂട്ടരും ഒരുമിച്ചാണ് ചിലവ് വഹിക്കുന്നത്. തീരിക്കല്ലിന്‍റെ പുറത്ത് നിന്നാണ് താലി കെട്ടുന്നത്. മൂന്നു പ്രാവശ്യം മാല മാറി ഇടണം. മഞ്ഞള്‍പൊടി കാലില്‍ ഒഴിച്ച് ദക്ഷണ നല്‍കും. കണ്ണാടിപായില്‍ ഇരുത്തി മുറുക്കാന്‍ കൊടുക്കും. മുറുക്കാന്‍ നല്‍കുമ്പോള്‍ ചെറുക്കന്‍റെ വിരലില്‍ പെണ്‍കുട്ടി കടിക്കണം. കല്യാണത്തിന് ശേഷം മൂന്നു ദിവസത്തിന് ശേഷം കുളിക്കുകയുള്ളു. ഇതിനെ മഞ്ഞനിരാടുക എന്നു വിളിക്കും. ഇതിനും സദ്യയുണ്ട്. എഴുകൂട്ടം മഞ്ഞവെള്ളത്തില്‍ ഒന്നില്‍ പിച്ചള മോതിരം ഇടും. പെണ്‍കുട്ടി ചെറുക്കന്‍ ഇവര്‍ കൂട്ടത്തില്‍ തപ്പി മോതിരം കൈകലാക്കണം. പെണ്‍കുട്ടിയുടെ കൈയ്യില്‍ മാസങ്ങള്‍ക്ക് ശേഷം ചെറുക്കന്‍മാര്‍ താളമേളം വായിച്ച് കുടിയിലെ പെണ്‍കുട്ടികള്‍ കുളിപ്പിക്കാന്‍ കൊണ്ടുപോകും. പ്രത്യേകം തയ്യാറാക്കിയ കുളത്തിലാണ് കുളിപ്പിക്കുന്നത്. വിനോദത്തിന് വേണ്ടി മറ്റു പെണ്‍കുട്ടികള്‍ മണ്‍കട്ടകള്‍ കൊണ്ട് പെണ്‍കുട്ടിയെ എറിയും. ഈറ്റ ഇല, കരിയില ഇവ കരിച്ച വെള്ളം ഏഴു പ്രാവശ്യം വായിലൊഴിച്ച് പെണ്‍കുട്ടി തുപ്പണം. ഇഞ്ചി, മഞ്ഞള്‍ തേച്ച് നാത്തൂډാരാണ് കുളിപ്പിക്കുന്നത്. അതിന് ശേഷം എഴുകുംവെള്ളം ഒഴിക്കും. തുടര്‍ന്ന് പുതിയ വസ്ത്രം നല്‍കും. പെണ്‍കുട്ടി കുളിച്ച് വരുമ്പോള്‍ മുറചെറുക്കന്‍ തടയും. അവര്‍ക്ക് ദക്ഷിണ നല്‍കും. പെണ്‍കുട്ടി മണ്‍കുടത്തില്‍ ഒരു കുടം വെള്ളം കൊണ്ടുവരണം. ഈ കുടത്തിന്‍റെ വായ്ഭാഗം അഞ്ചു വെറ്റിലകൊണ്ട് മുടി മഞ്ഞനൂലുകൊണ്ട് കെട്ടും. ഈ വെള്ളം അടുപ്പില്‍ വച്ച് പച്ച നെല്ലു കുത്തിയ അരി കാടി വെള്ളം ഒഴിച്ച് തിളപ്പിക്കും. ശരിയായ പ്രായമെത്തിയാല്‍ ചുറ്റുപാടും തിളച്ചുതൂകിവരും. കെട്ടിയചരട് പെണ്‍കുട്ടിയുടെ കൈയ്യില്‍ കെട്ടും. തുടര്‍ന്ന് മൂന്ന് ദിവസം കഴിഞ്ഞ് ഏഴ്, അഞ്ച്,. കുടം മഞ്ഞ വെള്ളത്തില്‍ കുളിച്ചതിന് ശേഷമാണ് വെള്ളി മോതിരമാണ് കിട്ടുന്നതെങ്കില്‍ ആണ്‍കുട്ടിയും പിച്ചളയാണെങ്കില്‍ പെണ്‍കുട്ടിയുമാണ് പിറക്കുന്നതെന്ന് വിശ്വാസം.

പ്രസവം

പെണ്ണിനെ മാറ്റി പ്രസവസമയത്ത് താമസിപ്പിക്കും. പ്രായമായ സ്ത്രീകള്‍ കൂട്ടിന് ഉണ്ട്. കുഞ്ഞിന്‍റെ പൊക്കിള്‍കൊടി ഈറ്റ കൊണ്ട് മുറിക്കും. അമ്മയെയും കുഞ്ഞിനെയും മഞ്ഞ വെള്ളത്തില്‍ കുളിപ്പിക്കും. അമ്മയും കുഞ്ഞിനും എണ്ണയും ചോറും മുന്ന് മാസത്തേക്ക് നല്‍കുന്നതല്ല. മൂന്ന് മാസം തികയുമ്പോള്‍ എല്ലാവരെയും വിളിച്ച് ഏഴ് വാഴയിലയിലും ചോറ് വച്ച് കുഞ്ഞിന്‍റെ തൊട്ടിലിന്‍റെ മുമ്പില്‍ വയ്ക്കും.

>മരണം

മരിച്ചയാളെ കുളിപ്പിച്ച് നെറ്റിയില്‍ ഒരു നാണയം ഒട്ടിക്കും.പ പായില്‍ പൊതിഞ്ഞ് കെട്ടി ശവം മറവുചെയ്യുമ്പോള്‍ മരിച്ചയാള്‍ ഉപയോഗിച്ച സാധനങ്ങള്‍ എല്ലാം കുഴിയില്‍ ഇട്ട് മൂടും. മരിച്ച വീട്ടില്‍ മൂന്ന് ദിവസം ചാവുടുകാക്കും. മേളവും ആഘോഷവും ഉണ്ട്. മരിച്ച വീട്ടില്‍ ഏഴ് ദിവസത്തിന് ശേഷം ആഹാരം പാകം ചെയ്യുകയുള്ളു. 16 -ാം ദിവസം അടിയന്തിരം നടത്തും. അന്ന് അയാള്‍ കഴിക്കുമായിരുന്ന ആഹാര സാധനങ്ങള്‍ വയ്ക്കും. മൂന്നാം ദിവസം കുഴിമാടത്തിന് ചുറ്റും പാല്‍ ഒഴിക്കും

നീയ പിരിഞ്ഞു വാലായ് പിരിഞ്ഞു

നീ ദൈവമായി നില്‍ക്കണം

കുഴിമാടത്തില്‍ മഞ്ഞ ചെടി നടും. ആ കുടുയില്‍ പൂടുകയോ പൊട്ടുകുത്തുകയോ ചെയ്യില്ല. 16 ന് എല്ലാവരും പ്രാര്‍ത്ഥനയോടെ പൂ ചൂടും

പളിയ വിഭാഗം

ചരിത്രം - പളിയډാര്‍ വളരെ ചെറിയ ജനസമൂഹമാണ് ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍ കാണപ്പെടുന്നു

ഭാഷ - തമിഴ് ഭാഷയാണ്. ഇപ്പോള്‍ മലയാളം ഉപയോഗിക്കുന്നു

ആചാരം - ക്രിസ്തുമത വിശ്വാസികളും ഹിന്ദു മത വിശ്വാസികളും ഉണ്ട്

ഉപജീവനം- കൃഷി

സാമൂഹിക സാമ്പത്തിക മാറ്റങ്ങള്‍ - ഏലക്കാട്

ജീവിത രീതി - കുടികളിലെ പ്രധാനി കാണിക്കാരന്‍

കുടിയില്‍ കഷ്ട നഷ്ടം ഉണ്ടാകുമ്പോള്‍ മഞ്ഞ വെള്ളത്തില്‍ കുളിച്ച് കൂട്ടമായി ദൈവത്തെ വിളിക്കുന്നു

കറുപ്പ് സ്വാമി പ്രധാന ആരാധന മൂര്‍ത്തി

ഊരാളി

ചരിത്രം - ആദിവാസി സമുദായത്തില്‍ മലയരയരന്‍ മാര്‍ കഴിഞ്ഞാല്‍ വിദ്യാഭ്യാസത്തിലും സാമ്പത്തികത്തിലും സര്‍ക്കാര്‍ സര്‍വീസിലും ഉയര്‍ച്ച ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു വിഭാഗം

ഭാഷ - മലയാളം

ആചാരം - ഹിന്ദു മത ആചാരം

ഉപജീവനം- തേന്‍, തെള്ളി, നെല്ല്, ചേമ്പ്, കപ്പ, തെങ്ങ്, കമുക്, കാപ്പി, ഏലം, വാഴ മുതലായവ

വേഷം - ഏത് വേഷവും ധരിക്കും

ജീവിത രീതി - ഇപ്പോള്‍ നാട്ടിലുള്ള ആളുകളുടെ രീതി

ഊരാളി

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഊര് (യുദ്ധം) ഭയന്ന് നാടുവിട്ടവര്‍ എന്ന അര്‍ത്ഥത്തിലാണ് ഊരാളി എന്ന പേരുണ്ടായതെന്ന് വിശ്വസിക്കുന്നു. ഊരാളികള്‍ ഇടുക്കി ജില്ലയിലെ മേതകാനം, പൂവരശി, അഞ്ചുരുളി, തൊണ്ടിയാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ചു വന്നിരുന്നു. ഈ സ്ഥലങ്ങളൊക്കെയും തേക്കടി വനത്തിലുള്ളതാണ്. ഇടുക്കി ജില്ലയിലെ ഒട്ടു മിക്ക ഊരാളികോളനികളിലെയും പഴയ തലമുറ തേക്കടി വനത്തില്‍ താമസിച്ചിരുന്നവരായിരുന്നു

കൃഷിരീതി

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്താണ് ഊരാളി സമുദായത്തില്‍ പെട്ട ആളുകള്‍ ഈ പ്രദേശത്ത് താമസിച്ചത്. കൃഷിയായിരുന്നു ഇവരുടെ ഉപജീവന മാര്‍ഗം. നെല്ല്, കപ്പ, അരിയുണ്ട,, ചോളം, കാച്ചില്‍, ചേമ്പ്, തുവര തുടങ്ങിയവ കൃഷി ചെയ്തു വന്നിരുന്നു . കൂടാതെ കാട്ടിലെ വിഭവങ്ങളായ തേന്‍, തെള്ളി (കുന്തിരിക്കം) നൂറോന്‍ (കിഴങ്ങ്) മാന്തല്‍ (കിഴങ്ങ്), കാട്ടുചക്ക , ഈന്ത്, പഴ വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ ആഹാരമായി ഉപയോഗിച്ചിരുന്നു.

ആഘോഷങ്ങള്‍

കൃഷി ചെയ്ത സാധനങ്ങള്‍ വിളവെടുപ്പിന്‍റെ സമയം പുത്തരി ആഘോഷിക്കാറുണ്ടായിരുന്നു. പുതിയതായി ഒരു വീട് തടിയും , ഈറ്റ, കരികില, പുല്ല് ഇവ ഉപയോഗിച്ച് നിര്‍മിക്കും. പുതിയതായി നിര്‍മിച്ച മുറം, വട്ടി തുടങ്ങിയവയില്‍ ക്യഷിചെയ്തവ വെച്ച് നിരത്തിവയ്ക്കും, ചെറിയ ചെറിയ സാധനങ്ങള്‍ കാന്താരി , കേപ്പ, ചോളം തുടങ്ങിയവ കൂവിലയില്‍ വച്ച് കാണിക്കാരാനായ മന്ത്രവാദി മണിക്കൂറിലേറെ മന്ത്രം ചൊല്ലിയതിന് ശേഷം മാത്രം ഇത് ഉപയോഗിക്കാനായി എടുക്കും.

ആചാരങ്ങള്‍

ഒരു പ്രദേശത്ത് താമസിക്കുന്ന വീട്ടുകാര്‍ക്ക്, ഒന്നോ രണ്ടോ പളപ്പുറം ഉണ്ടായിരിക്കും. ഈറ്റയും കരികിലയും തടിയും ഉപയോഗിച്ച് വീട്ടില്‍ നിന്നും കുറച്ചു ദൂരം മാറി വീട് കെട്ടുന്നതാണ് പള്ളപ്പുറം, പെണ്‍കുട്ടികള്‍ മാസമുറ സമയത്തും പ്രസവ സമയത്തും മാത്രം ഉപയോഗിക്കുന്നു മേല്‍പറഞ്ഞ സ്ഥലങ്ങളില്‍ താമസിച്ചപ്പോള്‍ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ എന്നു പറഞ്ഞാല്‍ 100 ഓളം കുടുംബങ്ങള്‍ കൃഷി ചെയ്ത് വിളവെടുപ്പിന്‍റം സമയത്ത് വിളവ് എടുക്കാന്‍ സമ്മതിക്കാതെ അവിടെ നിന്നും അന്നത്തെ സര്‍ക്കാര്‍ ഇറക്കിവിട്ടിരുന്നു. മേതക്കാനത്ത് താമസിക്കുന്ന കാലത്താണ്. മസൂരി എന്ന മാരക മായ അസുഖം ബാധിച്ച് 9 കുടുംബങ്ങള്‍ അല്ലാത്ത ആളുകള്‍ മരിക്കുകയും ചെയ്തു. ബാക്കിയുള്ള ആളുകള്‍ ആണ് വഞ്ചിവയല്‍, തേക്കുതോട്ടം, പുന്നപാറ, പട്ടയക്കുടി, കഞ്ഞിക്കുഴി, മാട്ടുകട, കോടാലിപ്പാറ, വൈരമണി, നാളിയാനി,ചിന്നനായ്ക്കല്‍, മേമുട്ടം, ഉപ്പുകുന്ന്, മൂലമറ്റം, കണ്ണംപടി എന്നീ സ്ഥലങ്ങളില്‍ താമസിച്ചുവരുന്നത്

മരണം

മരിച്ചാല്‍ എല്ലാവരെയും അറിയിക്കും. ശവത്തെ കുളിപ്പിച്ച് കിടത്തിയ ശേഷം ,ബന്ധുക്കളെല്ലാവരും നെറ്റിയില്‍ എണ്ണയും ചന്തനവും തേച്ച് കര്‍മ്മം ചെയ്യും. അടക്കുന്നതിന് മുമ്പ് കുഴിയില്‍ തടി ഇട്ട് ഉറപ്പിച്ചതിനു ശേഷം കരികില നിരത്തി അതില്‍ ശവത്തെ പായയില്‍ പൊതിഞ്ഞാണ് കുഴിയില്‍ ഇറക്കുന്നത്. അതിന് ശേഷം അയാള്‍ ജീവിച്ചിരുന്നപ്പോള്‍ ഉപയോഗിച്ച എല്ലാ സാധനങ്ങളും കുഴിയില്‍ ഇട്ട് മണ്ണിട്ട് മൂടും. മൂടിയതിന് ശേഷം ഈറ്റ രണ്ടു വശത്തുമായി കുറ്റി അടിച്ച് മുറുക്കി കരികില വച്ച് ഈറ്റ പാളി കുത്തി മുറുക്കും. നെല്ല് അരി ,വെള്ളം, സാമ്പ്രാണി, കര്‍പ്പൂരം, തുടങ്ങിയവ എല്ലാബന്ധുക്കളും കുഴി മാടത്തിലിടും . മൂന്നാം ദിവസം തോണിക്കല്‍ ബന്ധുക്കള്‍ എല്ലാവരും തീകത്തിയ്ക്കും .അത് കഴിഞ്ഞ് പുലയെടുക്കും, അമ്മ വഴിയാണ് പുലയെടുക്കുക. ഇത് ഓരോ ഇല്ലക്കാരാണ് എടുക്കാറ്. 3 മുതല്‍ 7 വരെ യുള്ള ദിവസങ്ങളില്‍ പുലയെടുത്ത് പുലപ്പുല്ലും, പുളിയുടെ തണ്ടും , ഇലയും ചതച്ച് പിഴിഞ്ഞ് വെള്ളത്തില്‍ കലക്കി കുളിച്ചു പുല തീര്‍ക്കും. പുലയുള്ള ആള്‍ പുല തീരാതെ വീട്ടില്‍ നിന്ന് കാട്ടിലേക്ക് പോകാന്‍ പാടുള്ളതല്ല.

ഭാഷയും സംഭാഷണവും

നീ എപ്പോഴാണ് വന്നത്- നീ എപ്പോഴാടാ മടയാ വന്നത്

നിന്‍റെ വീട്ടില്‍ എന്താ വിശേഷം - നിന്‍റെ പുന്തേല്‍ എന്തതപ്പേ ചേതി

നിന്‍റെ കുട്ടികള്‍ക്കൊക്കെ സുഖമാണോ - നിന്‍റെ കൊച്ചിരിക്കൊക്കെ സുഖമാ

ചേട്ടന്‍- തമ്മേന്‍

ശബ്ദം- ചെത്തം

അച്ഛന്‍ - തമ്മേന്‍

വയര്‍- പണ്ടി

കൊച്ച് - പുള്ള

ചോളം - ഇറുങ്ങ്

ഷര്‍ട്ട് - ചട്ട

കൃഷിസ്ഥലം - പിലം

മുറി - കള്ളി

ചരിത്രം

അരയന്‍മാര്‍ നാടുവാഴികള്‍ എന്നര്‍ത്ഥമുള്ള അരശډാര്‍ അല്ലെങ്കില്‍ അരചന്‍മാര്‍ എന്നറിയപ്പെട്ടിരുന്നു. സിന്ധൂനദീതട സംസ്കാരവുമായി ബന്ധമുണ്ടായിരുന്നു. ഇവര്‍ ആര്യډാരുടെ വരവോടുകൂടി ദക്ഷിണേന്ത്യയിലേക്ക് കുടിയേറിപ്പാര്‍ത്തു. പ്രധാനമായും മധുര , തിരുനെല്‍വേലി എന്നിവിടങ്ങളില്‍ ആദിത്യനരയന്‍റെ ആലന്തറ കോട്ടയിലും സീതങ്കനരയന്‍റെ ചെന്നല്ലൂര്‍ കോട്ടയിലും വീരപ്പനരയന്‍റെ വീരനെല്ലിക്കോട്ടയിലും താമസിച്ചിരുന്ന ഇവര്‍ ആര്യډാരുടെ ആക്രമണത്തെ തുടര്‍ന്ന് വീണ്ടും തിരുവിതാംകൂറിലെ കോട്ടയം, ഇടുക്കി, പത്തനംതിട്ട , കൊല്ലം ,തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം എന്നീ പ്രദേശങ്ങളിലേക്ക് പാലായനം ചെയ്തു. ജലമാര്‍ഗ്ഗം മലമുകളിലും സമതലത്തിലും താമസിച്ചു. മലമുകളില്‍ താമസിച്ചവരെ മലഅരയന്‍മാര്‍ എന്ന് അറിയപ്പെട്ടു. മലഅരയര്‍ ഏകദൈവ വിശ്വാസത്തില്‍ നിന്നു മാറി പലദൈവങ്ങളിലും വിശ്വസിക്കുന്നു . മലയും കല്ലും മരങ്ങളും സൂര്യനുമെല്ലാം ആരാധനാ മൂര്‍ത്തികളായിരുന്നു. സ്വന്തമായി ക്ഷേത്രങ്ങളുമുണ്ടായിരുന്നു. പൂജനടത്തി യിരുന്നതും ഇവര്‍ തന്നെയായിരുന്നു . ഇവര്‍ പല വിഭാഗങ്ങളും ഉപവിഭാഗങ്ങളുമായി വിഭജിക്കപ്പെട്ടിരുന്നു.

1. നാറാമുണ്ടക്കലരയന്‍

2. ചിറ്റേക്കരയന്‍

3. ഈറ്റക്കല്‍ അരയന്‍

4. പുളിയിലക്കരയന്‍

ഇല്ലങ്ങള്‍- ഉപവിഭാഗങ്ങള്‍ ഇല്ലങ്ങളെന്ന് അറിയപ്പെട്ടിരുന്നു . 6 ഇല്ലങ്ങളാണ് .അവ താഴെ പറയുന്നു.

1. പൂതാനിയില്ലം,

2. നെല്ലപ്പുള്ളിയില്ലം.

3. നാലില്ലം

4. വളയില്ലം

5. മുണ്ടില്ലം

6. എണ്ണയില്ലം

ഇവര്‍ക്ക് മന്ത്രതന്ത്രങ്ങളും വൈദ്യവും നല്ല വശമായിരുന്നു. മരിച്ചാല്‍ കൊള്ളിക്കാരന്‍ എന്ന കര്‍മ്മിയുടെ കര്‍മ്മ പ്രകാരം കുഴിച്ചിടും. പ്രായമുള്ളവര്‍ മരിച്ചാല്‍ പതിനാറും കുട്ടികള്‍ മരിച്ചാല്‍ പത്തിനും പുലകുളി നടത്തും. പുലയമുള്ളവര്‍ അടിയന്തിരം കഴിയുന്നതുവരെ വൃതം നോക്കണം

ആഹാരരീതി, കൃഷി

നെല്ല്, തിന, ചാമ, വരക്, കുറുമ്പുല്ല്, ചേമ്പ് എന്നിവയായിരുന്നു പ്രധാന ആഹാരം. നായാട്ടു, മീന്‍ പിടുത്തവുമായിരുന്നു പ്രധാന വിനോദങ്ങള്‍. വിളവെടുപ്പ് കാലത്ത് പൂഞ്ഞാര്‍ രാജാവിന് കാഴ്ച്ച കൊടുക്കുന്ന പതിവ് മുമ്പ് ഉണ്ടായിരുന്നു

ഭരണം

ഭരണക്രമത്തിനും പ്രത്യേക സംവിധാനം നേരത്തെ സ്വീകരിച്ചിരുന്നു. ഗ്രാമത്തലവനെ പൊരുച്ചന്‍ എന്നും സഹായിയെ പണിക്കരെന്നും അറിയപ്പെട്ടു. എല്ലാ കാര്യങ്ങള്‍ക്കും പൊരമ്പനാണ് തീര്‍പ്പ് കല്‍പ്പിച്ചിരുന്നത്.

ഭാഷാ, സംസ്കാരം

ഇവരുടെ ഭാഷ മലയാളമാണ്. തനതായ പ്രത്യേക വാക്കുകളും പ്രയോഗങ്ങളും പേരുകളും നിലനിന്നിരുന്നു . ഇപ്പോള്‍ തനതായ രീതിയിലുള്ള പ്രയോഗങ്ങള്‍ ഉപയോഗിച്ച് കാണുന്നില്ല. ഈ വിഭാഗത്തിലുണ്ടായിരുന്ന ഏകദേശം പകുതിയിലധികം ആള്‍ക്കാര്‍ ക്രിസ്തുമതത്തിലേക്ക് (സി.എസ്.ഐ) പരിവര്‍ത്തനം ചെയ്തു

വിദ്യാഭ്യാസം

വിദ്യാഭ്യാസ കാര്യത്തില്‍ മറ്റ് ആദിവാസി സമൂഹത്തെ അപേക്ഷിച്ച് വളരെയധികം മുന്നേറ്റം നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജോലികളില്‍ നല്ല നിലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ധാരാളം ഉണ്ട്. മറ്റ് ആദിവാസി വിഭാഗത്തില്‍ നിന്ന് വളരെയധികം ഉയര്‍ന്നിട്ടുണ്ട്.